Kerala
തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ പ്രചാരണ സമയത്ത് ഹിറ്റായ പോറ്റിയെ കേറ്റിയേ എന്ന പാരഡി ഗാനത്തിനെതിരെ സിപിഎം തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകും. വ്യാഴാഴ്ച ചേർന്ന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
പന്തളം ഏരിയാ കമ്മിറ്റി അംഗവും, പന്തളം രാജകുടുംബാംഗവുമായ പ്രദീപ് വർമയാണ് പരാതി നൽകുക. പാരഡി ഗാനത്തിന്റെ അണിയറ പ്രവർത്തകർക്കെതിരെ പോലീസ് കേസെടുത്തത് വ്യാപകമായി വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
ഗാനരചയിതാവ് കുഞ്ഞബ്ദുള്ള, പാടിയ ഡാനിഷ്, നിർമാതാവ് സുബൈർ പന്തല്ലൂർ, ഇവരുടെ സിഎംഎസ് മീഡിയ എന്നിവരാണവർക്കെതിരെയാണ് പോലീസ് കേസെടുത്തത്. ഇതിനിടെയാണ് പരാതിയുമായി തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ സിപിഎം ഒരുങ്ങുന്നത്.
Kerala
പത്തനംതിട്ട: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ കെപിസിസിക്ക് പരാതി ലഭിച്ചതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മാതൃകാപരമായ നടപടിയാണ് പാർട്ടി സ്വീകരിച്ചത്. കെപിസിസി പ്രസിഡന്റിന് പരാതി ലഭിച്ചതിനു പിന്നാലെ അത് ഡിജിപിക്ക് കൈമാറി.
ഇതിനേക്കാൾ മാതൃകാപരമായി ഒരു പാർട്ടി എങ്ങനെ ചെയ്യും. പ്രധാനപ്പെട്ട പലർക്കുമെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പാർട്ടി സെക്രട്ടറിക്കും കിട്ടിയ പരാതികളൊന്നും പോലീസിന് കൈമാറിയിട്ടില്ലല്ലോയെന്നും അദ്ദേഹം ചോദിച്ചു. രാഹുലിനെതിരായ പരാതിയിൽ നടപടി സ്വീകരിക്കേണ്ടത് പോലീസാണ്.
ആദ്യ കേസിൽ എഫ്ഐആർ എടുത്തപ്പോഴും നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന നിലപാടാണ് പാർട്ടി സ്വീകരിച്ചത്. ആ നിലപാട് തുടരും. ശക്തമായ നിലപാടാണ് പാർട്ടിക്കുള്ളത്. ഇത്രയും ശക്തമായ ഒരു നിലപാടെടുത്ത പാർട്ടി കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും സതീശൻ പറഞ്ഞു.
Kerala
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പീഡന പരാതി നൽകിയ യുവതിയുടെ വിവരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച സംഭവത്തിൽ മൂന്നു പേർക്കെതിരെ പോലീസ് കേസെടുത്തു. കാസര്‍ഗോട്ടും ഇടുക്കിയിലും തിരുവനന്തപുരത്തുമാണ് പോലീസ് കേസെടുത്തത്.
നെടുങ്കണ്ടം സ്വദേശിയായ അബ്ദുൾ കെ.നാസർ, ശ്രീകാര്യം ചെറുതലയ്ക്കലക്കൽ സ്വദേശി ലിജുമോൻ, കാസർഗോഡ് സ്വദേശിയായ ഒരാൾക്കെതിരെയുമാണ് കേസെടുത്തത്.സ്ത്രീകൾക്കെതിരെയുള്ള ലൈംഗിക അതിക്രമം, അതിജീവിതയുടെ പേര് വെളിപ്പെടുത്തൽ, ഭീഷണിപ്പെടുത്തൽ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
കേസിലെ അതിജീവിതയുടെ വിവരങ്ങൾ സമൂഹമാധ്യമത്തിലൂടെ അറിയിച്ചെന്നും അതുവഴി അതിജീവിതയുടെ അന്തസിനെ ഹനിച്ചെന്നും പോലീസ് പറഞ്ഞു. യുവതി നൽകിയ പീഡന പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ നേമം പോലീസാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Kerala
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി. വാട്ട്സപ്പ് ചാറ്റുകൾ, ഓഡിയോ സംഭാഷണം ഉൾപ്പടെ കൈമാറിയെന്നാണ് സൂചന. പരാതി ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
യുവതിയെ ഗർഭധാരണത്തിനും ഗർഭഛിദ്രത്തിനും പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്നു പറയപ്പെടുന്ന ശബ്ദസന്ദേശം കഴിഞ്ഞ ദിവസവും പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. ആദ്യം പുറത്തുവന്ന ശബ്ദരേഖയും വാട്സാപ്പ് ചാറ്റും അടിസ്ഥാനമാക്കി ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു.
അഞ്ചുപേർ ഇ മെയിൽ വഴി പോലീസ് ആസ്ഥാനത്തേക്ക് അയച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. പരാതി നൽകിയവരെല്ലാം മൂന്നാം കക്ഷികളായിരുന്നു. അതിനാൽ അന്വേഷണം മുന്നോട്ട് പോയിരുന്നില്ല. യുവതി ഇതുവരെ മൊഴി നൽകുകയോ പരാതി നൽകുകയോ ചെയ്തിരുന്നില്ല.
എന്നാൽ ഇപ്പോൾ യുവതിതന്നെ നേരിട്ട് പരാതി നൽകിയിരിക്കുകയാണ്. രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എഐസിസിക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സജൻ പരാതി നൽകിയിരുന്നു.
വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമ്മീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ ആവശ്യം.
Kerala
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ നിഷേധിക്കപ്പെട്ട് യുവാവ് മരിച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. ചികിത്സ കിട്ടാതെ മരിച്ച വേണു ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണെന്നു സതീശൻ പറഞ്ഞു.
സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ല. ശബ്ദ സന്ദേശം മരണമൊഴിയായി പരിഗണിച്ച് കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സതീശന് പറഞ്ഞു.
കൊല്ലം സ്വദേശി വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്.
മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളതെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.
അടിയന്തര ആന്‍ജിയോഗ്രാമിന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.
ആരോഗ്യമന്ത്രി പറഞ്ഞതു പോലെ ഇതും സിസ്റ്റത്തിന്റെ തകരാറാണ്. എന്നാല്‍ തകരാര്‍ പരിഹരിക്കാനുള്ള ഒരു ശ്രമവും മന്ത്രിയുടെയോ സര്‍ക്കാരിന്റെയോ ഭാഗത്ത് നിന്നുണ്ടാകുന്നില്ല. ആരോഗ്യ വകുപ്പിന്റെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ ഇതേ മെഡിക്കല്‍ കോളജിലെ വകുപ്പ് തലവന്‍ ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്താനും നിശബ്ദനാക്കാനും ശ്രമിച്ചതും ഇതേ മന്ത്രിയാണ്.
നിങ്ങളുടെ കെടുകാര്യസ്ഥതയുടെയും കഴിവില്ലായ്മയുടെയും ഇരകളായി മാറുന്നത് സാധാരണക്കാരാണെന്നത് മന്ത്രിയും സര്‍ക്കാരും മറക്കരുതെന്നും സതീശൻ കൂട്ടിച്ചേർത്തു.
Kerala
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ അതിക്രമിച്ച് കയറിയെന്ന് ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പരാതി നൽകി ജിസിഡിഎ. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനെതിരെയും ദീപ്തി മേരി വര്‍ഗീസടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയുമാണ് പരാതി നല്‍കിയിരിക്കുന്നത്.
ജിസിഡിഎ സെക്രട്ടറിയാണ് സിറ്റി പോലീസ് കമ്മീഷ്ണര്‍ക്ക് പരാതി നല്‍കിയത്. കയറരുതെന്ന് നിര്‍ദേശിച്ചിട്ടും ബലമായി കയറിയെന്നാണ് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയുള്ള പരാതിയില്‍ പറയുന്നത്.
സെക്യൂരിറ്റി ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ അവഗണിച്ചുകൊണ്ട് അതിക്രമിച്ചു കയറിയതോടെ സ്റ്റേഡിയത്തിനകത്തെ ടര്‍ഫ് അടക്കമുള്ള സംവിധാനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിക്കാന്‍ സാധ്യതയുണ്ടെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ജിസിഡിഎയുടെ ആവശ്യം. മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെയും ജിസിഡിഎ പരാതി നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം നവീകരണത്തിനായി കലൂര്‍ സ്റ്റേഡിയം സ്പോണ്സര്മാര്ക്ക് കൈമറിയതില് ദുരൂഹത ആരോപിച്ച് കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്, എംഎല്‍എമാരായ ഉമാ തോമസ്, ടി.ജെ വിനോദ് എന്നിവരടങ്ങുന്ന സംഘം സ്റ്റേഡിയം സന്ദര്‍ശിച്ചിരുന്നു.
Kerala
അമ്പലപ്പുഴ: ഷുഗർ ബാധിതയായ വീട്ടമ്മയുടെ കാൽവിരലുകൾ മുറിച്ചുമാറ്റി. സമ്മതപത്രം വാങ്ങാതെയാണ് വിരലുകൾ മുറിച്ചതെന്ന ആരോപണവുമായി ബന്ധുക്കൾ രംഗത്ത്. പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണസംഘത്തെ നിയോഗിച്ചു.
ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് സംഭവം. കുത്തിയതോട് പഞ്ചായത്ത് ആറാം വാർഡ് മുഖപ്പിൽ വീട്ടിൽ സീനത്തിന്റെ വലതുകാലിലെ രണ്ടു വിരലുകളാണ് മുറിച്ചുമാറ്റിയത്. ഷുഗർ ബാധിതയായ ഇവരുടെ കാലിൽ ആണി തറച്ച് പരിക്കേറ്റിരുന്നു. പിന്നീട് മറ്റ് ആശുപത്രികളിൽ ചികിത്സതേടിയെങ്കിലും രോഗം ഗുരുതരമായതോടെ കഴിഞ്ഞ 27ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച കാൽ ഡ്രസിംഗിനായി കൊണ്ടുവന്നപ്പോൾ കാൽവിരലുകൾ മുറിച്ചുമാറ്റിയത് മകൻ സിയാദിന്റെ ശ്രദ്ധയിൽപ്പെട്ടു. തുടർന്നാണ് സംഭവം വിവാദമായത്. തങ്ങളുടെ സമ്മതപത്രം തേടാതെയാണ് ഡോക്ടർമാർ കാൽവിരലുകൾ മുറിച്ചുമാറ്റിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. തുടർന്ന് സൂപ്രണ്ടിന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇതിനെക്കുറിച്ച് അന്വേഷിക്കുന്നതിനായി മൂന്നംഗസംഘത്തെ നിയോഗിച്ചു.
എന്നാൽ, രോഗം ഗുരുതരമായ സീനത്തിന്റെ കാൽമുട്ടിന് താഴെ മുറിച്ചുമാറ്റേണ്ട സ്ഥിതിയാണെന്നാണ് ഡോക്ടർമാർ പറയുന്നത്. വിരലുകൾ മുറിച്ചുമാറ്റേണ്ടിവരുമെന്ന് നേരത്തെ ഇവർക്കൊപ്പമുണ്ടായിരുന്ന ബന്ധുവിനോട് പറഞ്ഞിരുന്നതായും ഡോക്ടർമാർ അറിയിച്ചു.
Movies
സഹോദരന്റെ ഭാര്യ നൽകിയ ഗാർഹിക പീഡന കേസിൽ വിചാരണ നേരിടാനൊരുങ്ങി നടി ഹൻസിക മൊത്വാനി.
ഹൻസികയുടെ സഹോദരന്റെ ഭാര്യയും നടിയുമായ മസ്കൻ നാൻസി ജെയിംസ് സമർപ്പിച്ച എഫ്ഐആർ റദ്ദാക്കണമെന്ന ഹൻസികയുടെ ഹർജി മുംബൈ ഹൈക്കോടതി തള്ളി. ഹൻസികയും അമ്മയും ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്ന് മസ്കൻ നാൻസി നൽകിയ പരാതിയിൽ പറയുന്നു.
ഹൻസികയ്ക്കും അമ്മ ജ്യോതിക മൊത്വാനിക്കുമെതിരെ സ്ത്രീധന പീഡനം, മനഃപൂർവം ദേഹോപദ്രവം ഏൽപ്പിക്കൽ, ഭീഷണിപ്പെടുത്തൽ, അപമാനിക്കൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഹർജി തള്ളിയതോടെ താരവും അമ്മയും വിചാരണ നേരിടേണ്ടി വരും.
2021 മാർച്ചിലാണ് ഹൻസികയുടെ സഹോദരൻ പ്രശാന്ത് മൊത്വാനി മസ്കൻ നാൻസി ജെയിംസും തമ്മിലുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ നാൻസിയും ഭർത്താവ് പ്രശാന്തും വേർപിരിഞ്ഞ് താമസിക്കാൻ തുടങ്ങിയെന്നാണ് റിപ്പോർട്ടുകൾ.
ഭർതൃവീട്ടുകാർ പണവും വിലകൂടിയ സമ്മാനങ്ങളും ആവശ്യപ്പെട്ട് ശാരീരികവും മാനസികവുമായി പീഡിപ്പിച്ചിരുന്നതായി പരാതിയിൽ പറയുന്നു. തന്റെ പേരിലുണ്ടായ ഫ്ലാറ്റ് വിൽക്കാൻ നിർബന്ധിച്ചുവെന്നും മസ്കന്റെ പാരിതിൽ പറയുന്നു. പീഡനം മൂലം മുഖത്ത് പക്ഷാഘാതത്തിന് കാരണമാകുന്ന ബെൽസ് പാൾസി എന്ന അവസ്ഥ ബാധിച്ചുവെന്നും പരാതിയിൽ ആരോപിക്കുന്നു.